Thursday, April 11, 2013

കൂടെ വന്ന മഴകള്‍ (മറന്നു വെച്ച കുടകള്‍ -സുല്‍ഫിക്കര്‍-)



എഴുത്തുകാരുടെ സര്‍ഗ്ഗചേതനയെ അരോഗപ്പെടുത്താന്‍ മാത്രമല്ല പോഷകമൂട്ടാനും കെല്‍പ്പുള്ളവയാകണം അവര്‍ അന്വേഷിക്കുന്നതും ആര്‍ജ്ജിക്കുന്നതുമായ അനുഭവങ്ങള്‍. ആ അര്‍ത്ഥത്തില്‍ അവരുടെ  ഉള്ളും ഉടലും പുതുമയുള്ള ആശയങ്ങളുടേയും വേറിട്ട അനുഭവങ്ങളുടേയും തേടലിലായിരിക്കണം എന്നും വ്യാപരിയ്ക്കേണ്ടതും. ഭൂരിപക്ഷം ആശായാനുഭവങ്ങളുടെ ആവിഷ്കാരത്തിലും എതെഴുത്തുകാരും  അനുവര്‍ത്തിയ്ക്കേണ്ട ശീലം തന്നെയാണിത്‌. എന്നിരുന്നാല്‍ത്തന്നെ  ചില വികാരപ്പകര്‍ച്ചകളും ഋതുപരിണാമങ്ങളുമുണ്ട്‌. എത്ര ആവര്‍ത്തിച്ചെഴുതിയാലും വായിച്ചാലും മടുപ്പനുഭവപ്പെടാത്തവ. പ്രണയവും മഴയും ഉദാഹരണങ്ങള്‍. ഏതു ദേശത്തും ഏതു കാലത്തും എന്നെന്നും സര്‍ഗ്ഗചേതനയെ ഉദ്ദീപിപ്പിച്ചിട്ടുള്ളവയാണു എല്ലാ ഋതുപ്പകര്‍ച്ചകളും . എങ്കിലും കവിഭാവനയെ സംബന്ധിച്ചിടത്തോളം കൂടുതല്‍ വളക്കൂറുള്ള അനുഭവങ്ങള്‍ കാഴ്ചവെയ്ക്കുവ എന്ന  പരിഗണനയില്‍ വസന്തവും വര്‍ഷവുമൊഴിച്ചു മറ്റു നാലെണ്ണത്തേയും മാറ്റിനിറുത്താമെന്നു തോന്നുന്നു . സുന്ദരവും അതേസമയം ജീവിതോന്‍മുഖവുമായ വാങ്മയചിത്രങ്ങള്‍ക്കുള്ള സാധ്യതകള്‍ ഈ രണ്ടു കാലങ്ങള്‍ വിഷയമാക്കുമ്പോഴും ഉണ്ട്‌. എന്നാലും വസന്തര്‍ത്തുവിനുമുണ്ട്‌ പോരായ്മ . നിശ്ചിതമായ ചില ലാവണ്യദര്‍ശനങ്ങള്‍  അതിന്റെ  ആവിഷ്കാരസാധ്യതകളെ പരിമിതപ്പെടുത്തുന്നു എന്നുള്ളതാണത്‌ . എഴുത്തിന്റെ  ഏതു തലങ്ങളിലും എതു ജൈവപരിസരങ്ങളിലും ഉപകരണമാക്കാവുന്ന  ഋതു ഒന്നേയുള്ളൂ. അതു വര്‍ഷമാണ്‌.ഏതു ഓര്‍മ്മച്ചുറ്റിലും ഇഴചേര്‍ക്കാവുതും ഒരു പക്ഷേ ഏതു വിഷയത്തോടൊപ്പവും മിശ്രപ്പെട്ട്‌ ഏകാത്മകമായി വെളിപ്പെടുന്നതുമായ പ്രതിഭാസമാണ്‌ മഴ . മഴയെ വരച്ചിടാത്ത കവികള്‍ ചുരുക്കം. അവരുടെ കൂട്ടത്തിലേയ്ക്കു ആദ്യകവിതാസമാഹാരവുമായി 'സുള്‍ഫിക്കര്‍' എത്തുന്നു. സുള്‍ഫിക്കറിന്റെ  'മറന്നു വെച്ച കുടകള്‍' മഴക്കവിതകളുടെ കൂട്ടത്തില്‍ വേറിറ്റൊരു  പെയ്ത്തിടം കണ്ടെത്തുന്ന ഒന്നാണെന്നു പറയാതെ വയ്യ . അഗാധ(ഗാധവും)മായ വായനയില്‍ കേവലം മഴയെഴുത്ത്‌ എന്ന്   വെറുതേ താളുകള്‍ മറിച്ചുപോകേണ്ട പുസ്തകമല്ല ഇത്‌. മഴയെ മാത്രമല്ല സുള്‍ഫിക്കര്‍ എഴുതുന്നത്‌ എന്നതുതന്നെയാണു അതിനു കാരണം.
മഴയ്ക്കറിയില്ലെങ്കിലും
നനഞ്ഞൊട്ടിയ പുല്‍പ്പായിലേയ്ക്ക്‌
ചോരയോടെ ഇറ്റുവീണ നാള്‍ തൊട്ടേയറിയാം
എന്ന് സ്വന്തം പിറവിയോടൊപ്പം കവിയുടെ ഓര്‍മ്മയിലെ മഴപ്പിറവിയും അടയാളപ്പെടുന്നുണ്ട്‌. അന്നുതൊട്ട് യാത്രയിലെ ഓരോ പിരിവുകളിലും മഴയെന്ന  സഹയാത്രിക(ന്‍)പിരിയാക്കൂട്ടായുണ്ട്‌ എന്നും സുള്‍ഫിക്കറിന്റെ  വരികള്‍ തന്നെ  സാക്ഷ്യപ്പെടുത്തുന്നു. മഴമണത്തിനൊപ്പം ചേരുന്ന  വാത്സല്യത്തിന്റെ , സ്നേഹത്തിന്റെ  ,പ്രണയത്തിന്‍റെ  ഒക്കെ സുഗന്ധങ്ങള്‍ വളര്‍ച്ചയുടെ ഓരോ സന്ധികളിലും തന്നെ  വന്നുചൂഴുന്നതായും ,അവയത്രയും ചില അടുപ്പങ്ങളിലേയ്ക്കു നീളുന്ന  തൊടുവിരലുകളിലെ നനവായി മാറുന്നതായുമുള്ള തിരിച്ചറിവ്‌ തെളിയുന്ന , കവിയുടെ കുറിപ്പു തന്നെയാണ്‌ 'മറന്നു വെച്ച കുടക'ളിലെ ആദ്യ കവിത. സ്നേഹമണം പരത്തുന്ന  മഴയും ഉപ്പുപ്പായും. ഉപ്പുപ്പായുടെ കടയില്‍ ആരെല്ലാമോ മറന്നുവെച്ച പലതരം കുടകള്‍ ചൂടിനടന്ന  ബാല്യം. എഴുതിയതെല്ലാം പകര്‍ത്തി എല്ലാ പുസ്തകങ്ങളെയും ചേര്‍ത്ത്‌ ഒറ്റപ്പുസ്തകമാക്കിയ മഴയുടെ ഓര്‍മ്മനൂലുകള്‍ക്കു നീളമേറുമ്പോള്‍ കൌമാരത്തിന്റെ  നിര്‍വേദകുതുകങ്ങള്‍, യൌവനത്തിണ്റ്റെ പ്രണയപ്രസാദങ്ങള്‍ , സ്വപ്നസഞ്ചാരങ്ങള്‍, സ്നേഹശാഠ്യങ്ങള്‍ ,വറുതിക്കലമ്പലുകള്‍ ,യാത്രാജന്നലുകളില്‍  ചാറിയെത്തുന്ന  തുള്ളിയീര്‍പ്പങ്ങള്‍ ..അവനവന്റേതായ എല്ലാം മഴയോടു ചേര്‍ത്തുമെടയുന്നു. കവിത മേഞ്ഞ കുടിലിന്റെ  ഈര്‍പ്പം വീണ ഇറയത്തെ ഇരിപ്പില്‍, രാവിലെ നല്ല ചൂടോടെ വക്കുപൊട്ടിയ ഒരുകപ്പു മഴ ആസ്വദിയ്ക്കുമ്പോള്‍ ഈര്‍പ്പം മുറ്റിയ പരിസരപ്രകൃതിയിലേയ്ക്കും അവനവന്റെ ഉള്ളിലേയ്ക്കും ഒരുപോലെ കവിയുടെ മഴനോട്ടമെത്തുന്നുണ്ട്‌.

ജൂതകവി പാള്‍ സെലാന്റെ  ഒരു കവിതയില്‍ 'മഴ പുഷ്പിച്ചിരിക്കുന്നു' എന്നൊരു പരാമര്‍ശമുണ്ട്‌. അത്തരത്തിലുള്ള ഒരു വര്‍ഷവസന്തത്തെ വിരിയിച്ചെടുക്കുന്നവയാണ്‌ തുടര്‍ന്നു വരുന്ന  എഴുപത്തിയാറോളം കവിതാഖണ്ഡങ്ങളില്‍ മിക്കതും. തുടക്കത്തില്‍ പൂച്ചയെപ്പോലെ ചുരുണ്ടുറങ്ങുന്ന  നനവിന്റെ  മഴനിനവ്‌ (ചുരുണ്ടുകൂടിക്കിടപ്പുണ്ട്‌/പൂച്ചയെപ്പോലെ/ഒരു മഴയുടെ നനവെന്റെ   നിനവില്‍) ഒടുക്കം കിതച്ചുതളര്‍ന്നിട്ടും   കാറ്റിനുകൊടുക്കാതെ ഈര്‍പ്പവും ഹരിതവും നെഞ്ചില്‍ ചേര്‍ത്ത 'കായിദ' (മതപാഠശാലയിലെ പുസ്തകം)പോലെ പവിത്രപ്പെടുന്ന  കാഴ്ച മറന്നുവെച്ച കുടകളില്‍ നമുക്കു കാണാം.
'പള്ളിപ്പുരയിലേയ്ക്കുള്ള വഴിയിലെവിടെയോ
വീണുപോയ്‌ കായിദ
പുല്ല്‌ ഇളം നെഞ്ചിനോടതു ചേര്‍ത്തു വെച്ചു
മഴത്തുള്ളി കുഞ്ഞിക്കൈ ചേര്‍ത്തുപിടിച്ചു
ഒരു കാറ്റിനും കൊടുക്കാതെ '

 മഴയുടെ പ്രണയഭാവങ്ങള്‍ ,കവിതകളില്‍ ഒട്ടു മിക്കതിലും സുന്ദരമായി ആവിഷ്കരിക്കപ്പെടുന്നുണ്ട്‌ .

'വാരിയില്‍നി്‌ന്ന്
ഇറയത്തേയ്ക്കു വീണ മഴത്തുള്ളിയില്‍
ഒരു കയം. മുങ്ങിമരിക്കാനല്ല
കോരിക്കുടിയ്ക്കാനുമല്ല
നമുക്കീവിധം കണ്ടിരിക്കാന്‍ .. '

മഴയുടെ ഹാസം ഇങ്ങനെ..(ആര്‍ക്കു വേണം സ്വാതന്ത്യ്രം /ജയില്‍മുറ്റത്തൊരു പെരുംപെയ്ത്ത്‌. )
മഴയുടെ ദൈന്യം..(നിലച്ചതേയില്ല മഴ/അടുക്കളപുകഞ്ഞതേയില്ല/വീടു ജപ്തിയായതൊരാളും /അറിഞ്ഞതുമില്ല .) പരിഹാസം ,പരാതി, കിണുക്കം , കുണുക്കം, കുസൃതി, വറുതി, പ്‌രാക്ക്‌,പ്രാര്‍ത്ഥന , ദുരന്തം ,മരണം ,രതി വിരക്തി.. സുള്‍ഫിക്കറിന്റെ മഴക്കവിതകളില്‍ എന്തും മഴയോടു താദാത്മ്യപ്പെട്ടുതന്നെ  നില്‍ക്കുന്നു.

 'ഗഗനത്തിലെ മേഘച്ചിറയിപ്പൊഴേപൊട്ടി -
ഗ്ഗതികെട്ടിനിയും നാം തിരിയുമെന്നോര്‍ത്താലും'
 എന്ന മട്ടില്‍ മഴയോടുള്ള ഉല്‍ക്കണ്ഠയും ആകുലതയും കലര്‍ന്ന  കണ്ണീര്‍പ്പാടത്തിലെ സമീപനമല്ല മറിച്ച്‌ '
ഇത്തിരിക്കൂടെ നടന്നവ
കിന്നാരമിത്തിരിച്ചൊന്നവ
കണ്ണീരുറക്കെച്ചിരിച്ചു കവിളുതുടിച്ചവ
ഏറെക്കരഞ്ഞു കണ്‍പോള കനത്തവ .. 'എന്ന മട്ടില്‍ ;സഫലമീയാത്രയിലെ; ആതിരവരവുകളാണ്‌ സുള്‍ഫിക്കറിന്‌ ഓരോ മഴപ്പെയ്ത്തും.

എല്ലാ  കവിതകളും ഉള്‍പ്പെടുത്തേണ്ടിയിരുന്നോ  എന്നൊരു സംശയം വായനയ്ക്കു ശേഷം ബാക്കിനില്‍ക്കുന്നുണ്ട്‌. എങ്കില്‍പ്പോലും ചുണ്ടില്‍ ഒരു പുഞ്ചിരി വിരിയിക്കാനോ, ഉള്ളില്‍ ഒരു നെടുവീര്‍പ്പുണര്‍ത്തുവാനോ, നെഞ്ചില്‍ ഒരു മിടിപ്പു കൂട്ടാനോ തക്കവണ്ണം സംവേദനക്ഷമവുമാണു 'മറന്നുവെച്ച കുടക'ളിലെ വരികള്‍ എന്നതും ഉറപ്പ്‌ .